ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് കിഴക്കായി 12 പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് കുട്ടനാട് താലൂക്ക്. ഈ താലൂക്കിന്റെ പടിഞ്ഞാറെ അരികില്‍ ഏതാണ്ട് മധ്യഭാഗത്തായി പമ്പയാറിന്റെ കൈവഴികളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന വിസ്തൃതമായ പ്രദേശമാണ് നെടുമുടി. ചരിത്രാതീതകാലത്തുണ്ടായ ഭൂമികുലുക്കത്തിലോ കടല്‍ക്ഷോഭം മൂലമുണ്ടായ അവസ്ഥാവിശേഷത്തിന്റെ ഫലമായോ ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും രണ്ടര മീറ്റര്‍ താഴെയായുള്ള ചതുപ്പുപ്രദേശമായി മാറിയാതാണെന്ന് കരുതപ്പെടുന്നു. ദാരുണമായ ഈ പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് ഒരു വന്‍ ജനസമൂഹം മരിച്ചുപോവുകയോ കിഴക്കന്പ്രദേശങ്ങളിലേക്ക് കുടിയേറുകയോ ചെയ്തിട്ടുണ്ടാവാം. ശേഷിച്ചവര്‍ അവശേഷിച്ച ഭൂഭാഗങ്ങളില്‍ താവളമടിച്ച് കഴിഞ്ഞുവരുകയും, ഉള്ള ഭൂമി വാസയോഗ്യവും കൃഷിയോഗ്യവുമാക്കി തീര്‍ക്കുകയും ചെയ്തു. ഇങ്ങനെ അങ്ങിങ്ങായുള്ള തുരുത്തുകളോടു കൂടിയ ജലപ്പരപ്പായ പ്രദേശം വെള്ളത്തിനടിയില്‍ നിന്നും കുത്തിയെടുത്തനാട് എന്ന അര്‍ത്ഥത്തില്‍ കുട്ടനാട്’ ആയെന്നും ഒരു വാദമുണ്ട്. കരുമാടിയില്‍ കണ്ടെത്തിയ ബുദ്ധവിഗ്രഹത്തെ (കരുമാടിക്കുട്ടന് എന്നു വിളിക്കപ്പെടുന്നു) ആധാരമാക്കി ബുദ്ധമതത്തിന് ഏറെ വേരോട്ടമുണ്ടായിരുന്ന നാടായിരുന്നു ഇതെന്നും അതുകൊണ്ടുതന്നെ ബുദ്ധനാട് എന്ന സ്ഥലനാമത്തിന്റെ ശബ്ദഭേദമാവാം കുട്ടനാട്’ എന്നും മറ്റൊരു വാദവുമുണ്ട്. കുട്ടുവന്മാര് (ചേരവംശം) ഭരിച്ച നാടായതിനാല്‍ കുട്ടനാട് എന്ന പേരുണ്ടായിയെന്നും പറയപ്പെടുന്നുണ്ട്. 15-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഉദയം ചെയ്ത ചെമ്പകശ്ശേരി രാജവംശവും നെടുമുടിയുമായി അടുത്ത ബന്ധമാണുള്ളത്. രാജാവിന്റെ ആചാര്യസ്ഥാനീയനായ ദ്രോണപ്പള്ളിയുടെയും ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായിരുന്ന കുഞ്ചന്‍നമ്പ്യാരുടെയും സാന്നിധ്യം ഈ ഗ്രാമത്തിന് ലഭിച്ചിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍ തന്റെ പ്രശസ്തമായ പല കൃതികളും രചിച്ചത് മാത്തൂര്‍ കുടുംബത്തില്‍ വച്ചായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുനാരായവും, എഴുത്തോലകളും അടുത്തകാലം വരെ മാത്തൂര്‍ കുടുംബത്തില്‍ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ചെമ്പകശ്ശേരിയുടെ സേനാനായകനായ മാത്തൂര്‍പണിക്കരുടെ ആസ്ഥാനവും നെടുമുടിയായിരുന്നു. മാത്തൂര്കളരി ആയോധനവിദ്യയ്ക്കും കഥകളിയ്ക്കും പേരുകേട്ടതായിരുന്നു. നെടുമുടിയെപ്പറ്റി ആധികാരികമായ ചില പരാമര്‍ശങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നത് ബ്രിട്ടീഷ് ഭരണകാലത്തെ ചില രേഖകളിലാണ്. 1816 മുതല്‍ 1827 വരെ കുട്ടനാട്ടില്‍ സര്‍വ്വേ നടത്തിയ വാര്‍ഡ്, കോണ്‍ എന്നീ വിദേശ സര്‍വ്വേയര്‍മാരുടെ റിപ്പോര്‍ട്ടിലാണ് നെടുമുടിയെപ്പറ്റി പരാമര്‍ശങ്ങളുളളത്. കുട്ടനാട്ടില്‍ 12 പകുതികളും 72 കരകളുമാണുള്ളത്. 12 പകുതികളിലൊന്നാണ് നെടുമുടി. ആറിന്റെ തീരത്തായി ഒരു പഴക്കം ചെന്ന നെല്‍പ്പുരയും ക്ഷേത്രവും കാണാം. നദീതീരത്തുതന്നെ ഒരു പള്ളിയും പള്ളിക്ക് അഞ്ഞൂറു ഗജം തെക്കുമാറി ചതുരാകൃതിയില്‍ ഒരു കൊട്ടാരവുമുണ്ട്. ബ്രാഹ്മണര്‍ക്ക് താമസിക്കാനുള്ള കൊട്ടാരമാണത് എന്നെല്ലാം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. മാത്തൂരിലെ ആയുധ അഭ്യാസക്കളരിയും 500-ലധികം ചെറുവള്ളങ്ങളില്‍ സദാ യുദ്ധസന്നദ്ധരായിരുന്ന ചാവേര്‍പടയുടെ അധിവാസവും, ക്രിസ്ത്യാനികളുടെ കാര്‍ഷികവ്യാവസായിക വൈദഗ്ധ്യവും ഒത്തുചേര്‍ന്ന ഒരു നാടിന്റെ നെടിയമുറി പിന്നീട് നെടുമുടിയായി രൂപാന്തരപ്പെടുകയായിരുന്നു എന്നാണ് സ്ഥലനാമചരിത്രം. സി.ചാക്കോ കാഞ്ഞുപ്പറമ്പന്, കെ.സി.നൈനാന്, ജോസഫ് പൂത്തറ (സീനിയര്‍), എ.കെ.നാരായണന്, പി.എസ്സ്.വേലായുധന്, എന്‍.റ്റി.ഏബ്രഹാം, തുരുത്തേല്‍ പാപ്പച്ചന്, തോമസ് ത്രിവേണി തുടങ്ങിയവരായിരുന്നു ആദ്യകാല സ്വാതന്ത്ര്യസമര സേനാനികള്‍. അയ്യന്‍കാളി, ശ്രീനാരായണ ഗുരുദേവന്, മന്നത്തു പത്മനാഭന് തുടങ്ങിയ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളുടെ ആഹ്വാനങ്ങള്‍ ആരംഭകാലത്തുതന്നെ ഇവിടുത്തെ ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. കഥകളിയുടെ തെക്കന്‍ചിട്ടയും പ്രസിദ്ധമായ അമ്പലപ്പുഴ വേലകളിയുടെ തുടക്കവും ഈ പഞ്ചായത്തിലെ പ്രസിദ്ധമായിരുന്ന മാത്തൂര്‍ കളരിയില്‍ നിന്നും ആയിരുന്നു. തിരുവിതാംകൂര്‍, ചെമ്പകശ്ശേരി രാജാക്കന്മാരുടെ ഭക്ഷ്യാവശ്യത്തിനുള്ള അരി സ്ത്രീകള്‍ കുത്തി അരിയാക്കിയിരുന്ന സ്ഥലത്തിന്റെ പേരുതന്നെ നെല്പ്പുരമഠം എന്നാണ്. പഞ്ചായത്തിലെ ആറ്റുവാത്തല (മൂന്നാം) വാര്‍ഡില്‍തന്നെ നെടുമുടി വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് നെല്പ്പുരമഠം. പൌരാണിക പാരമ്പര്യത്തിന്റെ മാറ്റ് വിളിച്ചറിയിക്കുന്ന കരവിരുതിന്റെ കലയായ കൊത്തുപണികള്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെളിമയോടെ ഇപ്പോഴുമുണ്ട്. കാലപ്പഴക്കമേറെയുള്ള പല ഹിന്ദു-ക്രിസ്ത്യന്‍ തറവാടുകളുടെയും നിരയിലും മച്ചിലും കാണുന്ന കൊത്തുപണിയും നാലാം വാര്‍ഡിലെ മാത്തൂര്ദേവിക്ഷേത്രത്തിന്റെ മച്ചിലും കളിത്തട്ടിലുമായി കൊത്തിവച്ചിട്ടുള്ള വാസ്തു-ദാരു ശില്‍പ്പങ്ങളും അതിസമ്പന്നമായ സാംസ്ക്കാരിക പൈതൃകത്തിന്റെ ഉത്തമ നിദര്‍ശനങ്ങളാണ്.